പി.എം ശ്രീ സ്കൂൾ പദ്ധതിയിൽ നിന്ന് കേരളം താൽക്കാലികമായി വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ഡൽഹിയിലെ കേന്ദ്രമന്ത്രിയുടെ വസതിയിലാണ് നിർണായകമായ കൂടിക്കാഴ്ച നടക്കുക.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് പി.എം ശ്രീ പദ്ധതി തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. ഈ തീരുമാനം കേന്ദ്രത്തെ അറിയിച്ചതിന് ശേഷമാണ് മന്ത്രിതല ചർച്ച നടക്കുന്നത്. സംസ്ഥാനത്തിന്റെ നിലപാടും ആശങ്കകളും വി. ശിവൻകുട്ടി കേന്ദ്രമന്ത്രിയെ നേരിട്ട് ധരിപ്പിക്കും.
പി.എം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഏഴംഗ സമിതിയെ സംസ്ഥാന സർക്കാർ നേരത്തെ രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നായിരുന്നു സർക്കാർ തീരുമാനം. എൽഡിഎഫിലെ ഘടകകക്ഷിയായ സിപിഐയും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനം പദ്ധതിയിൽ നിന്ന് തൽക്കാലത്തേക്ക് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
ഇന്നത്തെ കൂടിക്കാഴ്ചയിൽ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ആശങ്കകൾക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ചർച്ചയുടെ ഫലം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് നിർണായകമാകും.