യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ അനിശ്ചിതത്വം തുടരുന്നു. ആരോപണങ്ങളിൽ വിശദീകരണം നൽകാതെ മൗനം തുടരുന്ന രാഹുൽ, ഇന്ന് അടൂരിലെ വസതിയിൽ വെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് സൂചന. നിരപരാധിത്വം തെളിയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷവും അദ്ദേഹം പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
ട്രാൻസ്ജെൻഡറായ അബന്തികയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചത്. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, തനിക്കെതിരെയുള്ളത് പാർട്ടിക്ക് അകത്തുനിന്നുള്ള ഗൂഢാലോചനയാണെന്നും, തനിക്കെതിരെ നിയമപരമായ പരാതികളൊന്നും നിലവിലില്ലെന്നുമാണ് രാഹുൽ അടുത്ത വൃത്തങ്ങളോട് പറയുന്നത്.
വിഷയത്തിൽ വി.ഡി. സതീശൻ, സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നെങ്കിലും, രാഹുൽ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. വാട്സ്ആപ്പ് ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും ഉൾപ്പെടെ പ്രചരിക്കുന്ന സാഹചര്യത്തിൽ, രാഹുലിന്റെ പ്രതികരണത്തിനായാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
ഇന്നത്തെ വാർത്താസമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വിഷയത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ തീരുമാനം.