ശബരിമല ശ്രീ കോവിലിലെ കട്ടളപ്പാളി സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എൻ.വാസുവിനെ വിജിലൻസ് കോടതി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടു. വൈകുന്നേരം നാല് മണി വരെയാണ് കസ്റ്റഡി കാലാവധി. അതേസമയം, ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ.പത്മകുമാറിനെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
ശബരിമല സ്വർണ്ണകവർച്ച നടന്ന 2019-ൽ ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നത് എൻ.വാസു ആയിരുന്നു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബാക്കി സ്വർണ്ണം കൈവശമുണ്ടായിരുന്നിട്ടും വാസു നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിരുന്നു. സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയത് താനാണെന്ന് വാസു സ്ഥിരീകരിച്ചിരുന്നു. ഈ വെളിപ്പെടുത്തലിനെ തുടർന്നാണ് എൻ.വാസുവിനെ കേസുമായി ബന്ധപ്പെടുത്തി എസ്ഐടി കസ്റ്റഡിയിലെടുത്തത്.
നേരത്തെ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന എ.പത്മകുമാറിനെ ശ്രീ കോവിലിന്റെ കട്ടളപ്പാളിയിലെ സ്വർണ്ണ കവർച്ച കേസിലാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാർക്കെതിരെയുള്ള ഈ നീക്കങ്ങൾ ശബരിമല സ്വർണ്ണകവർച്ച കേസിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.