Share this Article
News Malayalam 24x7
ആറന്മുള വിവാദ ഐടി പദ്ധതി; സര്‍ക്കാര്‍ പിന്മാറുന്നു
Government Withdraws from Aranmula IT Park Project

ഏറെ വിവാദമായ ആറന്മുള ഐടി പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതി പ്രദേശത്ത് വലിയ രീതിയിലുള്ള വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പദ്ധതിക്കായി ഉദ്ദേശിച്ച 344 ഏക്കര്‍ ഭൂമിയില്‍ 90 ശതമാനവും നിലമാണ്. നിലം നികത്തി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


ഭൂപരിഷ്‌കരണ നിയമത്തിലെ ഇളവുകള്‍ ലഭിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ കനത്ത പാരിസ്ഥിതിക ആഘാതവും ജനകീയ പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഇളവുകള്‍ അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.


വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെയും സമാനമായ രീതിയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച കെജിഎസ് ഗ്രൂപ്പ് തന്നെയാണ് 'ഇന്‍ഫോ പാര്‍ക്ക് ഇന്റഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പ്' എന്ന പേരില്‍ ഐടി പാര്‍ക്കുമായി രംഗത്തെത്തിയത്. എന്നാല്‍ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശം സംരക്ഷിക്കണമെന്ന നിലപാടിലാണ് ഇപ്പോള്‍ അധികൃതര്‍ എത്തിയിരിക്കുന്നത്. വിമാനത്താവള പദ്ധതിക്ക് പിന്നാലെ ഐടി പാര്‍ക്ക് പദ്ധതിയോടും സര്‍ക്കാര്‍ വിടപറയുന്നത് ആറന്മുളയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories