Share this Article
News Malayalam 24x7
180 പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു, 350 അശ്ലീല വിഡിയോകൾ; 19കാരൻ അറസ്റ്റിൽ,പ്രതിയുടെ വീട് ബുൾഡോസറിന് ഇടിച്ചുതകർത്തു
വെബ് ടീം
7 hours 53 Minutes Ago
1 min read
sexual assault

അമരാവതി: പ്രായപൂർത്തിയാകാത്ത 180 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അശ്ലീല വിഡിയോ ചിത്രീകരിക്കുകയും ചെയ്ത 19കാരൻ അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ അമരാവതിയിൽ ആണ് സംഭവം. അയൻ അഹമ്മദ് തൻവീർ അഹമ്മദ് എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ കോടതി ഏപ്രിൽ 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

വാട്സാപ്പും സ്നാപ് ചാറ്റ് ഗ്രൂപ്പും വഴിയാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. പെൺകുട്ടികളുമായി ആദ്യം സൗഹ‌ൃദം സ്ഥാപിക്കും. വിശ്വാസ്യത നേടിയതിനു ശേഷം പതിയെ പ്രണയത്തിലേക്ക് മാറും. പെൺകുട്ടികളെ മുംബൈയിലേക്കും പുനെയിലേക്കും വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചിരുന്നത്. പെൺകുട്ടികളുടെ സമ്മതമില്ലാതെ നഗ്നവിഡിയോകൾ ചിത്രീകരിച്ചിരുന്നതായും പിന്നീട് ഈ വിഡിയോകൾ ഉപയോഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.പെൺകുട്ടികളെ വ്യഭിചാരത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു.

ബിജെപി എംപി അനിൽ ബോണ്ട് നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതിയുടെ മൊബൈൽ ഫോണും മറ്റു ഗാഡ്ജറ്റുകളും പൊലീസ് പിടിച്ചെടുത്തു. ഫൊറെൻസിക് വിദഗ്ധരെ ഉപയോഗിതച്ച് ഡേറ്റ റിക്കവർ ചെയ്ത് അന്വേഷണം നടത്താനാണ് നീക്കം. പ്രധാന തെളിവുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. കുറ്റകൃത്യം ചെയ്യാൻ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കും.

അതേ സമയം  അയന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അമരാവതിയിലെ പറാത്‌വാഡ സ്വദേശിയായ മുഹമ്മദ് അയാസ് എന്ന തൻവീറിന്റെ വീടിന് നേരേയാണ് ബുൾഡോസർ നടപടിയുണ്ടായത്. അനധികൃതമായി നിർമിച്ച വീടിന്റെ ഒരുഭാഗമാണ് പൊളിച്ചുകളഞ്ഞതെന്ന് അച്ചൽപുർ മുനിസിപ്പൽ കൗൺസിൽ അധികൃതർ പറഞ്ഞു.കുടുംബത്തിന് നേരത്തേ തന്നെ നോട്ടീസ് നൽകിയിരുന്നതായാണ് മുനിസിപ്പൽ അധികൃതരുടെ വിശദീകരണം. കഴിഞ്ഞദിവസം പെൺകുട്ടികളെ ചൂഷണംചെയ്‌തെന്ന കേസിൽ തൻവീർ അറസ്റ്റിലായതിന് പിന്നാലെയാണ് മുനിസിപ്പൽ അധികൃതർ വീട് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. വൻ പോലീസ് സന്നാഹത്തോടെയായിരുന്നു ബുൾഡോസർ ഉപയോഗിച്ച് അനധികൃത നിർമാണം തകർത്തത്. ബിജെപി എംഎൽഎ പ്രവീൺ തായഡെയും സ്ഥലത്തുണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories