കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആലുവ സ്വദേശിയും സദർലാൻഡ് ഐ ടി കമ്പനിയിലെ ജീവനക്കാരനുമായ അലിയാർഷാ സലീമിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.കൊച്ചിയിലെ ബാറിൽ നടന്ന സംഘർഷത്തിന് പിന്നാലെ അലിയാർഷായെ ഒരു സംഘം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവദിവസം രാത്രി പബ്ബിൽ വച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് കാറിൽ പിൻതുടർന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ലക്ഷ്മിയുടെ സുഹൃത്തുക്കൾ പരാതിക്കാരനെ വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി മർദ്ദിച്ചെന്നായിരുന്നു കേസ്.ഈ സംഘത്തിലുണ്ടായിരുന്ന മിഥുൻ, അനീഷ്, സോന മോൾ നേരത്തെ അറസ്റ്റ് ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. ലക്ഷ്മി മേനോൻ കേസിലെ മൂന്നാം പ്രതിയായിരുന്നു. സംഭവം പുറത്തുവന്നതോടെ നടി ഒളിവിൽപ്പോയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഘത്തിൽ ലക്ഷ്മി മേനോനും ഉണ്ടായിരുന്നുവെന്ന് മനസിലായത്.