പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ആദ്യ കേസിൽ കോടതി മുൻകൂർ ജാമ്യം തള്ളുകയും ഈ മാസം 15 വരെ അറസ്റ്റ് തടയുകയും ചെയ്തിരുന്നുവെങ്കിലും രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാത്തത് രാഹുലിന് വെല്ലുവിളിയാണ്. ബെംഗളൂരു സ്വദേശിയായ യുവതി ക്രൈം ബ്രാഞ്ചിന് നല്‍കിയ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവാഹവാഗ്ദാനം നല്‍കി റിസോര്‍ട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു, ശാരീരികമായി ഉപദ്രവിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. എംഎൽഎയോടൊപ്പം യാത്ര ചെയ്യുമ്പോൾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെന്നി നൈനാനാണ് വാഹനം ഓടിച്ചിരുന്നതെന്നും പരാതിയില്‍ പരാമർശമുണ്ട്. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായാണ് ഹർജി ഇന്നത്തേക്ക് മാറ്റിവെച്ചത്. പരാതിക്കാരിയായ യുവതിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്നത് കേസിൽ നിർണ്ണായകമാണ്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കെട്ടിച്ചമച്ച രാഷ്ട്രീയ പ്രേരിതമായ കേസാണ് ഇതെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ വാദിക്കുന്നത്. തനിക്ക് സംഭവുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധിയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ആദ്യ കേസിലെ ജാമ്യം തള്ളിയ സാഹചര്യത്തിൽ രണ്ടാമത്തെ കേസിലെ കോടതിയുടെ നിലപാട് രാഹുലിന്റെ തുടർനീക്കങ്ങളിൽ അതിനിർണ്ണായകമാകും.