സിഡ്‌നിയിൽ നടന്ന ഏഷ്യ കപ്പ് മത്സരങ്ങൾക്കിടെ ഇറാനിയൻ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ച ഏഴ് വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നൽകി. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഇവർക്ക് വിസ അനുവദിച്ചതെന്ന് ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് സ്ഥിരീകരിച്ചു.
സിഡ്‌നിയിൽ നടന്ന ഏഷ്യ കപ്പ് മത്സരത്തിന് മുന്നോടിയായി ദേശീയഗാനം പാടാൻ ടീം അംഗങ്ങൾ തയ്യാറാകാതിരുന്നത് വലിയ വാർത്തയായിരുന്നു. തുടക്കത്തിൽ അഞ്ച് താരങ്ങളാണ് അഭയം തേടിയിരുന്നതെങ്കിലും പിന്നീട് രണ്ട് പേർ കൂടി സംഘത്തിനൊപ്പം ചേർന്നു. ഇതോടെ ഓസ്‌ട്രേലിയയിൽ അഭയം തേടിയ ഇറാനിയൻ താരങ്ങളുടെ എണ്ണം ഏഴായി.
ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ച താരങ്ങളെ 'രാജ്യദ്രോഹികൾ' എന്നാണ് ഇറാൻ ഔദ്യോഗിക ടെലിവിഷൻ വിശേഷിപ്പിച്ചത്. നാട്ടിലേക്ക് മടങ്ങിയാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന ഭയമാണ് താരങ്ങളെ ഓസ്‌ട്രേലിയയിൽ തുടരാൻ പ്രേരിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് താരങ്ങളുടെ അപേക്ഷ പരിഗണിച്ച് അവർക്ക് ഓസ്‌ട്രേലിയ വിസ അനുവദിച്ചത്.
അഭയം തേടിയ ഏഴ് പേർ ഒഴികെയുള്ള ടീമിലെ മറ്റ് അംഗങ്ങൾ ഇറാനിലേക്ക് മടങ്ങി. ഇവർ മലേഷ്യയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങളും കായിക താരങ്ങൾക്ക് നേരെയുള്ള കർശന നിയന്ത്രണങ്ങളും മുൻപും ആഗോളതലത്തിൽ ചർച്ചയായിരുന്നു.