ബിഹാറിൽ ആര് ഭരിക്കുമെന്ന് നിർണ്ണയിക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 20 ജില്ലകളിലായി 122 നിയമസഭാ മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ഇതോടെ, വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീണു. ഇരു മുന്നണികളും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.
അവസാനഘട്ട പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ആർജെഡി നേതാവ് തേജസ്വി യാദവ്, മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി എൻഡിഎ വോട്ട് തേടിയപ്പോൾ, തൊഴിലില്ലായ്മയും ഭരണവിരുദ്ധ വികാരവും ഉന്നയിച്ചായിരുന്നു ഇന്ത്യ മുന്നണിയുടെ പ്രചാരണം.
ഇരു മുന്നണികൾക്കും ഏറെ നിർണായകമാണ് നാളെ നടക്കുന്ന വോട്ടെടുപ്പ്. 122 മണ്ഡലങ്ങളിലായി 1302 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 136 പേർ സ്ത്രീകളാണ്.ഏകദേശം 3.7 കോടി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും.വോട്ടെടുപ്പിനായി 45,399 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയത് ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് ഇന്ത്യ മുന്നണി അവകാശപ്പെടുമ്പോൾ, തങ്ങൾ 160-ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് എൻഡിഎയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നവംബർ 14-നാണ് വോട്ടെണ്ണൽ.