Share this Article
News Malayalam 24x7
സ്നേഹാന്വേഷണത്തിന് ‘നടന്നു തുടങ്ങി’യെന്ന് സന്ധ്യ; എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി
വെബ് ടീം
posted on 21-02-2026
1 min read
mammootty

കൊച്ചി: തിരക്കുകൾ മാറ്റിവച്ച് ചില സ്പെഷ്യൽ സമ്മാനങ്ങളുമായാണ് മെഗാസ്റ്റാർ സന്ധ്യയുടെ അടുത്തെത്തിയത്. സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് സംശയിച്ച സന്ധ്യയോട് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം: ‘ഇപ്പോൾ എങ്ങനെ ഉണ്ട്?’. നീറുന്ന മുറിവുകൾ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലിൽ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: ‘നടന്നു തുടങ്ങി’. പിന്നെ മമ്മൂട്ടി സന്ധ്യയുടെ കൈപിടിച്ചു. ആ മനസ്സിലെ നീറ്റൽ തിരിച്ചറിഞ്ഞ് മമ്മൂട്ടി പറഞ്ഞു: ‘ഇനി വീടിന്റേയും സ്ഥലത്തിന്റേയും കാര്യമല്ലേ..അതും നടക്കും…ഉറപ്പ്..’ സന്ധ്യയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം.

കഴിഞ്ഞവർഷം ഒക്ടോബർ 25ന് അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരുക്കേറ്റ് കാൽ നഷ്ടപ്പെട്ട സന്ധ്യയ്ക്ക് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ ഏർപ്പാടാക്കിയതും കൃത്രിമക്കാൽ വെക്കുന്നതിന് വേണ്ട സഹായം ചെയ്തതും മമ്മൂട്ടി ആയിരുന്നു. ചികിത്സയ്ക്കും കൃത്രിമക്കാലിനുമായി 20ലക്ഷം രൂപയോളമാണ് വേണ്ടിവന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയറും രാജഗിരി ആശുപത്രിയും ചേർന്ന് പൂർണമായും സൗജന്യമായാണ് സന്ധ്യയ്ക്ക് ചികിത്സയും കൃത്രിമക്കാലും നല്കിയത്.കൃത്രിമക്കാൽ വെച്ചതിന് ശേഷം ആദ്യമായി ഡോക്ടറെ കാണാൻ രാജഗിരിയിൽ എത്തിയതായിരുന്നു സന്ധ്യ. മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി പറയണമെന്ന സന്ധ്യയുടെ ആഗ്രഹം രാജഗിരി ആശുപത്രി അധികൃതരാണ് കെയർ ആൻഡ് ഷെയർ ഭാരവാഹികളെ അറിയിച്ചത്.

ഷൂട്ടിങ് ആവശ്യത്തിന് കൊച്ചിയിൽ ആയിരുന്ന മമ്മൂട്ടി തിരക്കുകൾ മാറ്റിവെച്ച് സന്ധ്യയെ കാണാനെത്തി. ചികിത്സയുടെ വിവരങ്ങളും ആരോഗ്യസ്ഥിതിയുമെല്ലാം വിശദമായി ചോദിച്ചു മനസ്സിലാക്കിയ മമ്മൂട്ടി സാരിയും, ചെടിയും സമ്മാനിച്ചാണ് സന്ധ്യയെ യാത്രയാക്കിയത്. മണ്ണിടിച്ചിൽ സർവ്വവും നഷ്ടമായ സന്ധ്യക്ക് സ്ഥലവും വീടും നല്കുന്നതിനുള്ള നടപടികൾ ഉടൻ എടുക്കാമെന്നും ഉറപ്പുനല്കി. രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരൻ സന്ദീപ് എന്നിവരും കൂടെ ഉണ്ടായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories