ലോകമെമ്പാടും ക്രിസ്തുവിൻ്റെ തിരുപ്പിറവി ആഘോഷിക്കുമ്പോൾ, കേരളത്തിലും ക്രിസ്തുമസ് ആഘോഷങ്ങൾ അതിൻ്റെ പൂർണ്ണതയിൽ. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനകളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. നാടും നഗരവും ഒരേപോലെ ആഘോഷ ലഹരിയിലാണ്.
കൊച്ചിയിൽ നിന്നുള്ള പ്രത്യേക റിപ്പോർട്ടുകൾ പ്രകാരം, നഗരം ക്രിസ്തുമസിനെ വരവേൽക്കാൻ സർവ്വ സജ്ജമാണ്. ഇളംകുളത്തെ ലിറ്റിൽ ഫ്ലവർ ചർച്ചിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കും കുർബാനയ്ക്കും വിപുലമായ ജനപങ്കാളിത്തമാണ് ഉണ്ടായത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉൾപ്പെടെയുള്ള പ്രമുഖ പുരോഹിതർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊച്ചിയിലെ ആഘോഷങ്ങൾക്ക് ഒരു പ്രത്യേക ചാരുതയുണ്ട്. ഡിസംബർ മാസം തുടങ്ങുന്നത് മുതൽ തന്നെ നഗരം ഉത്സവ ലഹരിയിലാകും. കൊച്ചിയിലെ ബ്രോഡ്‌വേ, ഫോർട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് ഇതിന് ഉദാഹരണമാണ്. പോർച്ചുഗീസ് പാരമ്പര്യത്തിൻ്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ നടക്കുന്ന 'പാപ്പഞ്ഞിയെ കത്തിക്കൽ' പോലുള്ള ആചാരങ്ങൾ കൊച്ചിയുടെ മാത്രം പ്രത്യേകതയാണ്. പുതുവർഷം വരെ നീളുന്ന കൊച്ചിൻ കാർണിവലിൻ്റെ ആവേശം നഗരത്തിലുടനീളം പ്രകടമാണ്.
ആഘോഷങ്ങളുടെ കാര്യത്തിൽ കൊച്ചിയോട് മത്സരിക്കാൻ കോഴിക്കോട്ടെ മിഠായിത്തെരുവും പാലക്കാട്ടെ തെരുവുകളും തയ്യാറാണ്. കോഴിക്കോടിൻ്റെ പാരമ്പര്യവും ഭക്ഷണവൈവിധ്യവും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു. എങ്കിലും കൊച്ചിയിലെ ആഘോഷങ്ങൾ കൂടുതൽ വൈബ് നൽകുന്നുവെന്നാണ് കൊച്ചിയിലെത്തിയ വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും അഭിപ്രായം.
സംസ്ഥാനത്തെ എല്ലാ പ്രമുഖ ദേവാലയങ്ങളിലും പുലർച്ചെ പ്രത്യേക കുർബാനകൾ നടന്നു.പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷം വിശ്വാസികൾ വീടുകളിൽ കുടുംബാംഗങ്ങളോടൊപ്പം സ്നേഹവിരുന്നുകളിൽ പങ്കുചേർന്നു. സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശം പകർന്ന് നൽകുന്ന ക്രിസ്തുമസ്, ജാതിമത ഭേദമന്യേ എല്ലാ മലയാളികളും ഒരേ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്.പുതുവർഷത്തിലേക്കുള്ള കാത്തിരിപ്പിൻ്റെ തുടക്കം കൂടിയായി ഈ ക്രിസ്തുമസ് ദിനം മാറിയിരിക്കുകയാണ്.