കൊച്ചി: നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിൽ സാന്ദ്ര തോമസിന്റെ നാമനിർദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയിലാണ് തള്ളിയത്. പ്രസിഡന്റ്,ട്രഷറർ സ്ഥാനത്തേക്കാണ് പത്രികകൾ സമർപ്പിച്ചിരുന്നത്. മത്സരിക്കാൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രികകൾ റിട്ടേർണിംഗ് ഓഫീസർ തള്ളിയത്. തള്ളിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സാന്ദ്ര അറിയിച്ചു. പത്രിക തള്ളുന്നതിൽ സാന്ദ്ര പ്രതിഷേധിച്ചിരുന്നു.
തുടർന്ന് വരണാധികാരിയുമായി വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഉണ്ടായത് നീതിനിഷേധമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു. വരണാധികാരിയുടെ നിലപാടിൽ പ്രതിഷേധിച്ച് സാന്ദ്ര തോമസ് യോഗത്തിൽ ബഹളംവെച്ചു.
അനധികൃതമായ നിയമനമാണ് വരണാധികാരിയുടേത്. ആസ്ഥാന ഗുണ്ടകളുടെ ഗുണ്ടായിസം എല്ലാവരും കണ്ടു. ഒൻപത് സിനിമകൾ എൻ്റെ പേരിൽ സെൻസർ ചെയ്തിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസർ അവരുടെ ആളാണ് എന്നത് വ്യക്തമായി. എല്ലാം മുൻകൂട്ടി നിശ്ചയിച്ചതാണ്. സംഭവത്തെ നിയമപരമായി നേരിടും. പ്രസിഡന്റ് ആയി എന്നെ മത്സരിച്ച് തോൽപ്പിച്ച് കാണിക്കട്ടെ. ഏതൊരു റെഗുലർ മെമ്പറിനും മൂന്ന് സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ മത്സരിക്കാം എന്നാണ് ബൈലോയെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
സാന്ദ്രയ്ക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മാത്രം മത്സരിക്കാം. ഒരു സിനിമ നിർമ്മിച്ചവർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാം. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് സാന്ദ്ര നിർമ്മിച്ചതെന്ന് വരണാധികാരി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പർദ ധരിച്ചെത്തിയ സാന്ദ്ര മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.മുമ്പ്, അസോസിയേഷൻ ഓഫീസിൽ നടന്ന ഒരു നിർണായക യോഗത്തിൽ അനുചിതമായി പെരുമാറിയെന്ന് ആരോപിച്ച് പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ നിരവധി ഉന്നത അംഗങ്ങൾക്കെതിരെ സാന്ദ്ര പരാതി നൽകിയിരുന്നു. മോശം പെരുമാറ്റം ആരോപിക്കപ്പെടുന്നവർ പലപ്പോഴും നേതൃസ്ഥാനങ്ങളിൽ തുടരുന്ന ഒരു അന്തരീക്ഷത്തിൽ പർദ ധരിക്കുന്നത് തനിക്ക് ഏറ്റവും സുരക്ഷിതമായ മാർഗമാണെന്ന് അവർ വിശദീകരിച്ചു.താനും സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം നിർമ്മാതാക്കളും ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ ഒരു പാനലായി മത്സരിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു. അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു ദിവസം മുമ്പ് ഓഗസ്റ്റ് 14 ന് അസോസിയേഷൻ വോട്ടെടുപ്പിൽ പങ്കെടുക്കും.