ഏറെ വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെയും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെയും എതിർപ്പുകളെ തള്ളിയാണ് രാഹുൽ സഭയിൽ പ്രവേശിച്ചത്. പ്രതിപക്ഷ നിരയിലല്ലാതെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരുന്നത്.
കഴിഞ്ഞ ദിവസം വരെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ലൈംഗികാരോപണം ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ, രാഹുലിനെ പാർലമെൻ്ററി പാർട്ടിയിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ സഭയിൽ പങ്കെടുപ്പിക്കരുതെന്ന് വി.ഡി. സതീശൻ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, തനിക്കെതിരെ നിയമപരമായ വിലക്കുകളൊന്നുമില്ലെന്നും എം.എൽ.എ. എന്ന നിലയിൽ സഭയിൽ പങ്കെടുക്കാൻ തനിക്ക് അവകാശമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
രാവിലെ നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ സുഹൃത്തുക്കളോടൊപ്പം ലിഫ്റ്റിൽ കയറി സഭയിലേക്ക് പോകുന്നതിനിടെ മാധ്യമപ്രവർത്തകർ വളഞ്ഞു. അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.
ഇന്ന് രാവിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ചർച്ചകൾക്കൊടുവിലാണ് സഭയിൽ എത്താൻ തീരുമാനിച്ചതെന്നാണ് സൂചന. കെ.പി.സി.സി. പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയതായും പറയപ്പെടുന്നു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, പീരുമേട് എം.എൽ.എ. വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ചുകൊണ്ടാണ് 15-ാം നിയമസഭയുടെ 14-ാം സമ്മേളനം ആരംഭിച്ചത്. ഒക്ടോബർ 10 വരെ 12 ദിവസത്തേക്കാണ് സഭാ സമ്മേളനം. പ്രധാനമായും നിയമനിർമ്മാണത്തിനാണ് ഈ സമ്മേളനത്തിൽ ഊന്നൽ നൽകുന്നത്. വന സംരക്ഷണ നിയമ ഭേദഗതി, പട്ടയഭൂമി വ്യക്തിഗതമാക്കുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ ഉൾപ്പെടെയുള്ളവ സഭയിൽ ചർച്ചയ്ക്ക് വരും.