രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരി കോടതിയിൽ രഹസ്യമൊഴി നൽകി. തിരുവനന്തപുരത്തെ കോടതിയിൽ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. രാഹുലിന്റെ രാഷ്ട്രീയ സ്വാധീനത്തിൽ ഭയന്നാണ് നേരത്തെ പരാതി നൽകാതിരുന്നതെന്ന് യുവതി മൊഴിയിൽ വ്യക്തമാക്കി.
തന്റെ പരാതി വ്യാജമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളിലൂടെ ആവർത്തിച്ചതോടെയാണ് നിയമനടപടികളുമായി ശക്തമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. നേരത്തെ പരിചയമുള്ള രാഹുൽ വിവാഹാലോചനയുമായി തന്നെ സമീപിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഒരു ഔട്ട്‌ഹൗസിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു ആദ്യ പരാതി. എന്നാൽ ഒരു തവണ മാത്രമല്ല, മൂന്ന് തവണ രാഹുൽ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി യുവതി ഇപ്പോൾ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഈ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പരാതിക്കാരിയുടെ വൈദ്യപരിശോധനയും മറ്റ് പ്രാഥമിക അന്വേഷണ നടപടികളും പോലീസ് പൂർത്തിയാക്കിയിട്ടുണ്ട്. യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസിൽ കൂടുതൽ അന്വേഷണം നടക്കും.