ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ചേർത്തുവെന്ന ബി.ജെ.പി ആരോപണം തള്ളി കോൺഗ്രസ്. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആരുടെയും സോണിയ ഗാന്ധി കാലുപിടിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സ്വമേധയാ ചേർത്തതാണെന്നും അതിന് കമ്മീഷനാണ് ഉത്തരവാദിയെന്നും താരിഖ് അൻവർ പറഞ്ഞു. സ്വതന്ത്ര ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ സ്വയമേയാണ് തീരുമാനങ്ങൾ എടുക്കുക. എന്നാൽ, ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ ഭാഗമായി മാറിയിരിക്കുന്നു. അതിൽ നിന്ന് കമ്മീഷൻ പുറത്തുവന്ന് സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും താരിഖ് അൻവർ ആവശ്യപ്പെട്ടു.
ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് ബി.ജെ.പി ഉന്നയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം പ്രതിരോധിക്കാനാണ് സോണിയ ഗാന്ധിക്കെതിരെ ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയത്.