ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം ഇന്നും തുടരുന്നു. ദുരന്തബാധിത പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ടെലിഫോൺ, വൈദ്യുതി സേവനങ്ങൾ പുനഃസ്ഥാപിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
നാശനഷ്ടങ്ങൾ വിലയിരുത്താനായി രൂപീകരിച്ച പ്രത്യേക സമിതി ഇന്ന് ധരാലി പ്രദേശം സന്ദർശിക്കും. മിന്നൽപ്രളയത്തിൽ 35 കുടുംബങ്ങൾക്ക് വീടുകൾ നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. 825-ൽ അധികം ആളുകളെ വ്യോമസേനയുടെ സഹായത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അതേസമയം, രക്ഷാപ്രവർത്തനത്തിനുള്ള യന്ത്രങ്ങൾ എത്തിക്കാൻ വഴികളില്ലാത്തതും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.