പുന്നമടക്കായലിലെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കി 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 75 കളിവള്ളങ്ങൾ മാറ്റുരയ്ക്കും.
രാവിലെ മുതൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 2 മണി മുതലാണ് ആരാധകർ കാത്തിരിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കുക. ഒൻപത് വിഭാഗങ്ങളിലായാണ് 75 വള്ളങ്ങൾ മത്സരിക്കുന്നത്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ചുണ്ടൻ വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കായുള്ള ഫൈനലിൽ ഏറ്റുമുട്ടുക.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേൽപ്പാടം ചുണ്ടൻ ഇത്തവണയും കിരീടം നേടിയാൽ ഏറ്റവും കൂടുതൽ തവണ നെഹ്റു ട്രോഫി നേടുന്ന ക്ലബ്ബ് എന്ന റെക്കോർഡ് സ്വന്തമാക്കും. കനത്ത മഴയുണ്ടെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലാതെ വൻ ജനാവലിയാണ് മത്സരം കാണാനായി പുന്നമടയുടെ തീരങ്ങളിൽ തടിച്ചുകൂടിയിരിക്കുന്നത്.