ന്യൂഡൽഹി: ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് വിജയം. മുഴുവൻ സീറ്റിലും ഇടതു സഖ്യം വിജയിച്ചു. കഴിഞ്ഞ തവണ ABVP നേടിയ ജോയിൻ സെക്രട്ടറി സ്ഥാനം തിരിച്ചുപിടിച്ചു. മലയാളിയായ കെ.ഗോപിക വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.
AISA-SFI-DSF എന്നിവരാണ് സഖ്യം. പ്രസിഡന്റായി അതിഥി മിശ്ര (AISA), വൈസ് പ്രസിഡന്റ് മലയാളിയായ കെ ഗോപിക ബാബു (SFI), ജനറൽ സെക്രട്ടറി സുനിൽ യാദവ് (DSA), ജോയിന്റ് സെക്രട്ടറിയായി ഡാനിഷ് അലി (AISA) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
എബിവിപിയുടെ പല സ്വാധീനകേന്ദ്രങ്ങളിലും ഇടത് സഖ്യം ഭൂരിപക്ഷംനേടി. സർവകലാശാല ഐസികളിലേക്കുള്ള മൂന്ന് പോസ്റ്റുകളിലും ഇടത് സഖ്യം ജയിച്ചിരുന്നു. വോട്ടെണ്ണൽ പൂർത്തിയായ സ്‌കൂളുകളിലെ ഭൂരിഭാഗം കൗൺസിലർ പോസ്റ്റുകളിലും ഇടതുപക്ഷ സഖ്യ സ്ഥാനാർഥികളാണ് വിജയിച്ചത്. 67 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.