Share this Article
Union Budget
ജാനകി വി. വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള ചിത്രം തിയറ്ററുകളിലേക്ക്
Janaki V. vs. State of Kerala

 സെൻസർ ബോർഡിന്റെ തടസ്സവാദങ്ങളെത്തുടർന്ന് റിലീസ് വൈകിയ സുരേഷ് ​ഗോപി ചിത്രം 'ജെഎസ്കെ' (Janaki V. vs State of Kerala) ഒടുവിൽ തിയേറ്ററുകളിലേക്ക് എത്തുന്നു. നിയമ പോരാട്ടങ്ങൾക്കൊടുവിൽ പ്രദർശനാനുമതി നേടിയ ചിത്രം ജൂലൈ 17ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സംവിധായകൻ പ്രവീൺ നാരായണനാണ് റിലീസ് വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

നേരത്തെ ജൂൺ 27ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ജെഎസ്കെ. എന്നാൽ, ജൂൺ 21ന് സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. സിനിമയുടെ പേരുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന തർക്കം. ചിത്രത്തിലെ 'ജാനകി' എന്ന പേര് മാറ്റണമെന്നതായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.


സെൻസർ ബോർഡിന്റെ ഈ തീരുമാനത്തിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. നിയമപരമായ വഴികളിലൂടെ നീങ്ങിയതോടെയാണ് സിനിമയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടായത്. ഏറെ നാളത്തെ നിയമ പോരാട്ടങ്ങൾക്കും കോടതി ഇടപെടലിനും ഒടുവിലാണ് ചിത്രം റിലീസിന് സജ്ജമായത്.

കോടതിയുടെ നിർദ്ദേശപ്രകാരവും സെൻസർ ബോർഡിന്റെ ആവശ്യാനുസരണവും ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 'ജാനകി' എന്ന പേര് 'ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള' എന്നാക്കി മാറ്റിയതാണ് പ്രധാന മാറ്റം. പേരടക്കം ആകെ ഏഴ് മാറ്റങ്ങളോടെയാണ് ജെഎസ്കെ ഇപ്പോൾ തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.


സിനിമ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സംവിധായകൻ പ്രവീൺ നാരായണൻ വികാരഭരിതനായി പ്രതികരിച്ചു. ഒരുപാട് ചോദ്യങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നുവെന്നും, എല്ലാ പരീക്ഷണങ്ങളെയും കടന്ന് റിലീസ് തീയതി പ്രഖ്യാപിക്കുമ്പോൾ എല്ലാവരോടും ഒരായിരം നന്ദി മാത്രമാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സെൻസർഷിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, കോടതി ഇടപെടലിലൂടെ ഒരു സിനിമയ്ക്ക് റിലീസ് സാധ്യമായത് ഏറെ ശ്രദ്ധേയമാണ്. നിയമവ്യവസ്ഥിതിയിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോയ അണിയറ പ്രവർത്തകരുടെ വിജയം കൂടിയായാണ് ഇതിനെ സിനിമാലോകം നോക്കിക്കാണുന്നത്.

കാത്തിരിപ്പുകൾക്കും കടമ്പകൾക്കും ഒടുവിൽ സുരേഷ് ഗോപിയെ നായകനാക്കി ഒരുങ്ങുന്ന ജെഎസ്കെ ജൂലൈ 17ന് തിയേറ്ററുകളിലെത്തുമ്പോൾ വലിയ പ്രേക്ഷകശ്രദ്ധയാണ് ചിത്രം പ്രതീക്ഷിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories