ചങ്ങനാശേരി: എൽഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ‘‘രാഷ്ട്രീയ നിലപാട് വളരെ വ്യക്തമായി നേരത്തെ പറഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങൾ വന്നോട്ടെ, ഞങ്ങൾ നേരിട്ടോളാം’’–ജി.സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ശബരിമല സംബന്ധിച്ച് സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നു. ആരും രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ടെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ സുകുമാരൻ നായർ തള്ളി.തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എൻഎസ്എസിന് പുതിയ ആസ്ഥാന മന്ദിരം പണിയും. കാലത്തിന് അനുസരിച്ചു ഉള്ള മാറ്റങ്ങൾ സ്വീകരിക്കണം. സംഘടനയുടെ അന്തസ്സിന് യോജിച്ച, എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആസ്ഥാനമാകും നിർമിക്കുക. നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായർക്ക് പൊതുയോഗം പൂർണ പിന്തുണ അറിയിച്ചു.
ഇതിനിടെ, സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗത്തിന് മുന്നിലാണ് ബാനര്‍. വിശ്വാസികളെ പിന്നില്‍ നിന്ന് കുത്തിയെന്നും പിണറായിക്ക് പാദസേവ ചെയ്യുന്നെന്നും വിമര്‍ശനമുണ്ട്. കരയോഗത്തിലെ അംഗങ്ങള്‍ എന്ന പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.അതേസമയം, എന്‍എസ്എസ് പ്രതിനിധി സഭായോഗം ആരംഭിച്ചു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റും വരവു ചെലവ് കണക്കുകളും അംഗീകരിക്കാനാണ് യോഗം. അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങളും ചര്‍ച്ചയാകും.