തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ തിരുവനന്തപുരം തിരുമല സ്വദേശി ആനന്ദ് കെ തമ്പിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ആനന്ദ് തൻ്റെ ആത്മഹത്യാക്കുറിപ്പിൽ, തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീകണ്ഠേശ്വരം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ തനിക്ക് അവസരം നിഷേധിക്കപ്പെട്ടതിൽ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. തൃക്കണ്ണാപുരം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മറ്റൊരാൾക്ക് സീറ്റ് നൽകുകയായിരുന്നു. ബിജെപിയുടെ തൃക്കണ്ണാപുരം ഏരിയ പ്രസിഡന്റ് ആയ ആലപ്പുറം കുട്ടൻ എന്ന ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി അംഗം കൃഷ്ണകുമാർ, ആർഎസ്എസ് നഗർ കാര്യവാഹക് രാജേഷ് എന്നിവർക്കെതിരെ ആനന്ദ് ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇവർ മണ്ണ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും, തനിക്ക് സീറ്റ് നിഷേധിക്കാൻ ഇവർ പ്രവർത്തിച്ചെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഈ വിഷയങ്ങളിൽ വിശദമായ അന്വേഷണത്തിനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തു പറയുന്നവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ആത്മഹത്യക്ക് പിന്നിൽ എന്തെങ്കിലും സമ്മർദ്ദമുണ്ടോ എന്നും പൊലീസ് പരിശോധിക്കും.
ആനന്ദിന്റെ മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെയായിരിക്കും പോസ്റ്റുമോർട്ടം നടപടികൾ നടക്കുക. ഇന്ന് വൈകുന്നേരത്തോടെ സംസ്കാരം നടക്കും. ബിജെപി ആർഎസ്എസ് നേതാക്കൾ തന്റെ മൃതദേഹത്തിനടുത്തേക്ക് അടുപ്പിക്കരുതെന്നും ആനന്ദ് തൻ്റെ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം അടക്കം ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്നലെ അറിയിച്ചിരുന്നു.