കൊട്ടാരക്കര: ഉമ്മന്നൂർ വീട്ടിലെ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ബൈജു-അമ്മു ദമ്പതികളുടെ മകൻ ദിലിൻ ബൈജുവാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണാണ് അപകടം സംഭവിച്ചത്.വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ദിലിൻ, ആളനക്കമില്ലാത്ത സമയം കിണറ്റിനടുത്തേക്ക് പോവുകയായിരുന്നു.
കിണറ്റിന്റെ ആൾമറയ്ക്ക് ഉയരം കുറവായിരുന്നതിനാൽ, കിണറ്റിലേക്ക് നോക്കുന്നതിനിടെ കാൽവഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. അപകടം ആരും നേരിട്ട് കണ്ടിട്ടില്ല. പിന്നീട് കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണതായി കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.