Share this Article
KERALAVISION TELEVISION AWARDS 2025
കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്‍മാര്‍ എന്താണ് കാട്ടി കൂട്ടൂന്നത് ? സമൂഹം അംഗീകരിക്കില്ല; പിണറായി വിജയൻ
Pinarayi Vijayan

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പരാതി നൽകിയാൽ കൊന്നുകളയുമെന്ന ഭീഷണി കാരണമാണ് ഇരകൾ പുറത്തുപറയാൻ ഭയക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് അടക്കമുള്ള കാര്യങ്ങൾ പൊതുസമൂഹം ഗൗരവമായി കാണേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വെറും ഭീഷണിയല്ല, "നിങ്ങളെ കൊന്നു തള്ളും" എന്നാണ് ഇരകളോരോരുത്തരോടും ഉയർത്തിയ ഭീഷണി. അതുകൊണ്ട് നിസ്സഹായരായ യുവതികളും ഇതിന് ഇരയായ ആളുകളും യഥാർത്ഥ വസ്തുതകൾ പുറത്തുപറയാൻ ഭയപ്പെടുകയാണ്. 


ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്, ഇപ്പോൾ വന്നതിനേക്കാൾ അപ്പുറത്തുള്ള കാര്യങ്ങളും ചിലപ്പോൾ വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയുള്ള ക്രിമിനൽ സംഘം, യഥാർത്ഥ ലൈംഗിക വൈകൃത കുറ്റവാളികൾ, അവർ നാടിന് മുന്നിൽ വന്ന് "വെൽ ഡ്രാഫ്റ്റഡ്" എന്നൊക്കെ പറഞ്ഞുകൊണ്ട് ന്യായീകരിക്കാൻ ശ്രമിച്ചാൽ അതൊന്നും പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ അടക്കം കുടുംബസമേതമാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ രൂക്ഷ വിമർശനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories