Share this Article
News Malayalam 24x7
സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ഇന്ന് തുടങ്ങും
Intensive Voter List Revision Begins Today in Kerala

സംസ്ഥാനത്ത് ഇന്ന് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികൾക്ക് തുടക്കമാകും. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് മുതൽ നടപടികൾ ആരംഭിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. എന്നാൽ, കേരളത്തിൽ ഈ നടപടികൾ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം ഗോവ, ഗുജറാത്ത്, കേരളം, ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഡ്, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നവംബർ 4 മുതൽ ഡിസംബർ 4 വരെ വീടുകൾ കയറിയുള്ള കണക്കെടുപ്പിനായി ബൂത്ത് ലെവൽ ഓഫീസർമാരെ (BLOs) നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. ഡിസംബർ 9-ന് ആദ്യ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഈ കരട് പട്ടികയിൽ എതിർപ്പുകളോ കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിനുള്ള അവസരം ഡിസംബർ 9 മുതൽ ജനുവരി 8 വരെ ലഭിക്കും. തിരുത്തലുകൾ വരുത്തിയതിന് ശേഷം അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 7-ന് പ്രസിദ്ധീകരിക്കും.


എന്നാൽ, കേരളത്തിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഈ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ നേരത്തെ തന്നെ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അത് പരിഗണിക്കാതെ തള്ളിക്കളഞ്ഞതായി ഫൈസൽ അസീസ് റിപ്പോർട്ട് ചെയ്തു. വോട്ടർപട്ടിക പരിഷ്‌കരണം പ്രവാസികളെ ബാധിക്കില്ലെന്നും ആരുടെയും വോട്ടവകാശം നഷ്ടപ്പെടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ട്.


തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കം സംശയകരമാണെന്ന് കോൺഗ്രസ് ആരോപിച്ചു. എഐസിസി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഈ നടപടികളെ എതിർക്കുന്നുണ്ട്. ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ബിഹാറിൽ ഇത് നടപ്പാക്കിയപ്പോഴും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. കേരളത്തിൽ ഇത് നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ തന്നെയാണ് കോൺഗ്രസ് തീരുമാനമെന്നാണ് സൂചന.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories