Share this Article
Union Budget
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം: എഡിജിപിക്കെതിരെ നിർണായക മൊഴി നൽകി മന്ത്രി കെ രാജൻ
K Rajan

തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ മൊഴി നൽകി മന്ത്രി കെ രാജൻ. സംഭവ ദിവസം എം ആര്‍  അജിത് കുമാറിനെ പല തവണ ഫോൺ വിളിച്ചിട്ടും  എടുത്തില്ലെന്ന് മന്ത്രി. എഡിജിപി സ്ഥലത്തുണ്ടായിരുന്നെന്ന് അറിഞ്ഞാണ് ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചതെന്നും, കെ രാജൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ എഡിജിപിയുടെ വിശദീകരണം അന്വേഷണസംഘം രേഖപ്പെടുത്തും.


അടുത്ത തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടൊരുക്കങ്ങൾ നടക്കുമ്പോഴും കഴിഞ്ഞ വർഷം പൂരം അലങ്കോലപ്പെട്ടതിന്റെ അന്വേഷണം ഇതുവരെയും പൂർത്തിയായിട്ടില്ല. ത്രിതല അന്വേഷണമാണ് സംഭവത്തിൽ പ്രഖ്യാപിച്ചത്. പൊലീസ് ഒഴികെയുള്ള മറ്റ് വിഭാഗങ്ങളുടെ വീഴ്ചയെ സംബന്ധിച്ച് അന്വേഷിച്ച, മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് മാത്രമാണ് സർക്കാറിന് മുന്നിലുള്ളത്. ഡിജിപിയുടെ അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ് വിവരം. ഈ മാസം തന്നെ ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയേക്കും…

അതേസമയം എഡിജിപി എം ആർ അജിത് കുമാറിനെതിരാണ് അന്വേഷണ സംഘത്തിന് മുന്നിൽ മന്ത്രി കെ രാജൻ നൽകിയ മൊഴി. എഡിജിപി സ്ഥലത്തുണ്ടെന്ന് അറിഞ്ഞ് പല തവണ അജിത് കുമാറിനെ ഫോൺ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രിയുടെ മൊഴി. വിഷയത്തിൽ എഡിജിപിയുടെ വിശദീകരണം അന്വേഷണസംഘം രേഖപ്പെടുത്തും. എന്നാൽ മൊഴി വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.  എഡിജിപി ഫോൺ എടുത്തില്ല എന്നുള്ളത് നേരത്തെ പറഞ്ഞതാണെന്നും മൊഴി കൊടുത്തത് മറച്ചു വെക്കേണ്ട ആവശ്യമില്ലെന്നും കെ രാജൻ വ്യക്തമാക്കി....

സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന അങ്കിത് അശോകിനുണ്ടായ ഏകോപനമില്ലായ്മയും ദേവസ്വം ബോർഡുകളുടെ ഇടപെടലുമാണ് പൂരം അലങ്കോലപ്പെടാനുള്ള കാരണമെന്ന റിപ്പോർട്ടാണ് അജിത് കുമാർ നൽകിയിരുന്നത്. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന വലിയ വിമർശനവും ഉയർന്നിരുന്നു. എന്നാൽ പൂരം അലങ്കോലപ്പെട്ടതിൽ തുടക്കം മുതൽ തന്നെ എം ആർ അജിത് കുമാറിനെതിരെ ആക്ഷേപങ്ങൾ ഉയരുകയും രാഷ്ട്രീയ വിഷയമായി സംഭവം മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ ത്രിതലാന്വേഷണം പ്രഖ്യാപിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories