നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെതിരായ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രതിഭാഗം അഭിഭാഷകർ പ്രധാനമായും ഉന്നയിച്ച വാദങ്ങൾ ശരിവെക്കുന്ന ചില പരാമർശങ്ങൾ വിധിന്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിജീവിത സാക്ഷി വിസ്താരത്തിനിടെ നൽകിയ മൊഴികളിലും കേസിൽ പൊലീസിന് നൽകിയ മൊഴികളിലും വൈരുദ്ധ്യങ്ങളുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
2012-ൽ നടന്ന 'ദിലീപ് യൂറോപ്പ് ഷോ'യുടെ തീയതിയെക്കുറിച്ച് അതിജീവിതയ്ക്ക് വ്യക്തമായ ഓർമയില്ല എന്ന് കോടതിയിൽ മറുപടി നൽകിയത് ശ്രദ്ധയിൽപ്പെട്ടു. ഷോ നടന്നത് മെയ് 25 മുതൽ ജൂൺ 30 വരെയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നടൻ ദിലീപ് ഭീഷണിപ്പെടുത്തി എന്നോ സിനിമാ അവസരങ്ങൾ നിഷേധിച്ചു എന്നോ പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ല. ഭീഷണിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ മൊഴിയിൽ, ദിലീപ് ഭീഷണിപ്പെടുത്തിയതിന് പ്രോസിക്യൂഷൻ ആശ്രയിച്ചത് കേവലം മൊഴികളെ മാത്രമാണ്. ദിലീപിന്റെ ഭാഗത്തുനിന്നും നേരിട്ട് ഭീഷണിയുണ്ടായതിന് മറ്റു തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ല എന്നും വിധിന്യായത്തിൽ പറയുന്നു.
അതിജീവിതയുടെ അമ്മ ഈ സംഭവങ്ങളെല്ലാം അറിയാമായിരുന്നിട്ടും, അമ്മയെ പ്രോസിക്യൂഷൻ കേസിൽ സാക്ഷിയാക്കുകയോ വിസ്തരിക്കുകയോ ചെയ്തില്ല എന്നതും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. റിഹേഴ്സലിനിടെ ദിലീപും അതിജീവിതയും തമ്മിൽ സംസാരിച്ചെന്ന മൊഴിയും സംസാരിച്ചില്ലെന്ന മൊഴിയും നിലവിലുണ്ടായിരുന്നു. ഇതും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. 1500 പേജുകളുള്ള വിധിന്യായത്തിലെ 299-ാം പേജിലാണ് ഈ നിർണായക പരാമർശങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വാദങ്ങളും തെളിവുകളുടെ അഭാവവും ദിലീപിനെ കുറ്റവിമുക്തനാക്കി വിട്ടയക്കുന്നതിൽ നിർണായകമായി.