കൊച്ചി: ശബരിമല സ്വർണമോഷണത്തിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദ്വാരപാലക ശിൽപത്തിലെയും വാതിൽപടിയിലെയും സ്വർണം കടത്തിയതിൽ വെവ്വേറെ എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടു കേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ്. ഇരുകേസുകളിലും ദേവസ്വം ജീവനക്കാരും പ്രതികളാകും.ഇതുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകൾ വരാൻ കാരണം, ഈ സംഭവങ്ങൾ നടന്നത് രണ്ട് വ്യത്യസ്ത സമയങ്ങളിലാണ് എന്നതാണ്.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൊതിഞ്ഞ പാളികൾ കടത്തിക്കൊണ്ടുപോയി സ്വർണ്ണം ഉരുക്കിയെടുത്ത് തട്ടിക്കൊണ്ടുപോയത് 2019 മാർച്ചിലാണ്.വാതിൽപാളിയിലെ സ്വർണം കവർന്ന സംഭവം നടന്നത് 2019 ഓഗസ്റ്റിലാണ്. സമയവ്യത്യാസം ഉള്ളതുകൊണ്ടും, രണ്ട് സംഭവങ്ങളിലും ഇടപെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് വ്യത്യാസമുള്ളതുകൊണ്ടും, മഹസറിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് വ്യത്യാസമുള്ളതുകൊണ്ടും, രണ്ട് കേസുകളായിട്ടായിരിക്കും അന്വേഷണം മുന്നോട്ട് പോകുന്നത്.ഈ കേസുകളിൽ പ്രധാനമായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഗൂഢാലോചനയും വിശ്വാസവഞ്ചനയും അടക്കമുള്ള കാര്യങ്ങളാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം പൊതിഞ്ഞ പാളികൾ അഴിച്ചെടുത്ത് സ്വർണ്ണം പൂശാനായി കൊടുത്തുവിട്ടത്. ഇവിടെയാണ് വിശ്വാസവഞ്ചന വന്നിരിക്കുന്നത്. എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവിൽ ഈ കേസിൽ ഒരു മോഷണ സ്വഭാവം കൂടി ഉണ്ടെന്ന് പരാമർശിച്ചിട്ടുണ്ട്.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ആണെങ്കിലും, ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളായി വരും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണ്ണപ്പാളികൾ എടുത്തു കൊടുത്തുവിടാൻ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരെല്ലാം ഇതിൽ പ്രതികളായി വരും.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ ഓരോരുത്തരുടെയും പങ്കാളിത്തം വ്യക്തമാക്കുന്നുണ്ട്.