വയനാടിന്റെയും കോഴിക്കോടിന്റെയും വികസന സ്വപ്നങ്ങൾക്ക് കുതിപ്പ് നൽകുന്ന തുരങ്ക പാത യഥാർത്ഥ്യത്തിലേക്ക്. ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്ക പാത നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ അൽപസമയത്തിനുള്ളിൽ ആനക്കാംപൊയിലിൽ നിർവഹിക്കും. തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാട്ടുകാരുടെ യാത്രാദുരിതത്തിന് വലിയ പരിഹാരമാകും.
വയനാട് കോഴിക്കോട് ജില്ലകളുടെ വികസന സ്വപ്നങ്ങൾക്ക് ഗതിവേഗം പകരുന്ന വികസന പാത കൂടിയാണ് ഇന്ന് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കപ്പെടുന്ന തുരങ്കപാത. 2134.5 കോടി രൂപ ചെലവിലാണ് കോഴിക്കോട് മറിപ്പുഴയിൽ നിന്നും തുടങ്ങി വയനാട് കള്ളാടി മീനാക്ഷി പാലത്തിൽ അവസാനിക്കുന്ന തുരങ്കപാത നിർമ്മിക്കുന്നത്. വയനാട് ജില്ലയിലെ അതിർത്തികളിലുള്ള ചുരങ്ങളിലെ ഗതാഗത തടസ്സം മൂലം ജില്ല ദിവസങ്ങളോളം ഒറ്റപ്പെട്ടുപോകുന്ന സംഭവത്തിന് അറുതി വരുത്തുന്ന പദ്ധതി കൂടിയാണ് ഇത്. മലയോര ജനതയുടെ ചിരകാല അഭിലാഷമാണ് പിണറായി സർക്കാരിന്റെ ദൃഢനിശ്ചയത്തിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു.
വന്യജീവി സംഘർഷത്തെ തുടർന്ന് കൃഷിയുമായി മുന്നോട്ടു പോകാനാവാത്ത മലയോര ജനതയ്ക്ക് ജീവിതത്തിന്റെ മറ്റു വഴികൾ തുറക്കുന്ന വികസന പാതയാണ് ഇതെന്ന് നാട്ടുകാർ പറയുന്നു.പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി നേരത്തെ ലഭിച്ചിരുന്നു. 95 ശതമാനം ഭൂമി ഏറ്റെടുക്കലും പൂർത്തിയായി. അതുകൊണ്ടുതന്നെ അതിവേഗം ആയിരിക്കും ഈ വികസന പാതയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാവുക