തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക(SIR) പ്രസിദ്ധീകരിച്ചു. https://voters.eci.gov.in എന്ന ലിങ്ക് വഴി കരട് പട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് പരിശോധിക്കാവുന്നതാണ്. 24.08 ലക്ഷം വോട്ടർമാർ പട്ടികയിൽ നിന്നും പുറത്തായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽകർ അറിയിച്ചു. 8.65 ശതമാനം വോട്ടർമാരെയാണ് ആകെ നീക്കം ചെയ്തത്. 2,54,42,352 വോട്ടർമാർ പട്ടികയിൽ ഇടം നേടി.മരിച്ചവർ, സ്ഥലംമാറിപോയവർ, ഇരട്ട വോട്ടുള്ളവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവർ ഉൾപ്പെടെയാണ് ഒഴിവാക്കിയവരായി പട്ടികയിലുള്ളത്. 24,08,503 പേരെയാണ് ആകെ പട്ടികയിൽ നിന്നും ഒഴിവാക്കിയത്.
ഇവരുടെ പേര് വിവരങ്ങൾ നേരത്തെ തന്നെ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിലോ, എപിക് നമ്പർ നൽകിയോ പരിശോധിക്കാവുന്നതാണ്. ബൂത്ത് തലത്തിൽ പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്തും പരിശോധിക്കാം.കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ആക്ഷേപങ്ങളും പരാതികളും ചൊവ്വാഴ്ച മുതൽ തന്നെ സമർപ്പിക്കാം. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. കരട് പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനും പരാതികൾ നൽകാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.