Share this Article
News Malayalam 24x7
വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജാമ്യം; ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചു
Kiran Kumar Gets Bail in Vismaya Suicide Case

സ്ത്രീധന പീഢനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ഭര്‍ത്തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കിരണ്‍ കുമാറിന്റെ ശിക്ഷാവിധി കോടതി മരവിപ്പിച്ചു. 

ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും അതിനാല്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരണ്‍ കുമാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ഹൈക്കോടതി അപ്പീലില്‍ തീരുമാനമുമെടുക്കുന്നതു വരെയാണ് സുപ്രീംകോടതി കിരണിന്റെ ശിക്ഷ മരവിപ്പിച്ചത്. പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

വിസ്മയയുടേത് ആത്മഹത്യയാണെന്നും ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് പ്രതിയുടെ വാദം. 2021 ജൂണ്‍ 21നാണ് വിസ്മയ ഭര്‍തൃപീഢനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകള്‍ക്കൊപ്പം സ്ത്രീധനമായി നല്‍കിയാണ് വിസ്മയയെ കിരണ്‍ കുമാറിന് വിവാഹം ചെയ്ത് നല്‍കിയത്. ഭര്‍തൃപീഢനത്തെ തുടര്‍ന്നാണ് വിസ്മയ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. 

സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തിയായപ്പോള്‍ 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം കിരണ്‍ കുമാര്‍ കുറ്റക്കാരനെന്നു കാട്ടി കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞു. പത്ത് വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഈ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ തീരുമാനം വൈകിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories