നൈജീരിയയിലെ ഐഎസ് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ സൈനിക നീക്കം നടന്നത്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് തന്നെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്.
വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് ഭീകര കേന്ദ്രങ്ങളെയാണ് യുഎസ് സൈന്യം തകർത്തത്. നൈജീരിയയിലെ നിരപരാധികളായ ക്രിസ്ത്യാനികളെ ഐഎസ് ഭീകരർ ലക്ഷ്യമിടുന്നുവെന്നും വർഷങ്ങളായി അവർക്കെതിരെ ക്രൂരമായ അതിക്രമങ്ങൾ നടക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. ഇത്തരം ഭീകരപ്രവർത്തനങ്ങളെ തന്റെ നേതൃത്വത്തിലുള്ള സർക്കാർ അനുവദിക്കില്ലെന്നും, തീവ്രവാദത്തെ ഇല്ലാതാക്കാൻ ലോകത്ത് അമേരിക്കയ്ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.
നിരവധി ഭീകര താവളങ്ങളിൽ കൃത്യമായ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ആക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്നോ താവളങ്ങൾക്ക് എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നോ ഉള്ള കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭീകരരുടെ ഭീഷണിയിൽ നിന്നും ക്രൈസ്തവ സമൂഹത്തെ സംരക്ഷിക്കുന്നതിനായുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ ആക്രമണമെന്ന് ട്രംപ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.