ജനവാസ മേഖലയിലെ കിണറ്റിൽ വീണ കടുവയെ വനപാലകർ വിജയകരമായി രക്ഷപ്പെടുത്തി പെരിയാർ കടുവ സങ്കേതത്തിലെ ഗുഡ്രിക്കൽ വനമേഖലയിൽ തുറന്നുവിട്ടു. കടുവ പൂർണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
വില്ലൂന്നിപ്പാറയിലെ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ പുലർച്ചെ മൂന്ന് വയസ്സുള്ള കടുവ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകീട്ടോടെയാണ് കടുവയെ കെണിയിലാക്കി സുരക്ഷിതമായി പുറത്തെടുത്തത്. ഉടൻ തന്നെ കടുവയെ പ്രദേശത്തുനിന്ന് വനമേഖലയിലേക്ക് മാറ്റി.
തുടർന്ന് പെരിയാർ കടുവ സങ്കേതത്തിലെ ഗുഡ്രിക്കൽ വനമേഖലയിൽ വെച്ച് കടുവയെ തുറന്നുവിട്ടു. കടുവ പൂർണ്ണ ആരോഗ്യവാനാണ്, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും ഇത് ജനവാസ മേഖലയിൽനിന്ന് മാറ്റുന്നതിന് അനുകൂലമായ ഘടകമായെന്നും വനംവകുപ്പ് അറിയിച്ചു.