കീമിൽ ഇനി നിയമനടപടിയൊന്നും വേണ്ട എന്നാണ് സർക്കാർ തീരുമാനമെങ്കിലും സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കേരള സിലബസുകാർ. ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം വിദ്യാർത്ഥികൾ വാട്സാപ് കൂട്ടായ്മ ആരംഭിച്ചു. കീമിൽ ഞങ്ങൾക്ക് നീതി വേണം എന്ന പേരിൽ എഞ്ചിനീയറിംഗ് റാങ്ക് പട്ടികയിലുള്ളവരാണ് വാട്സാപ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ ആയിരക്കണക്കിന് പേരാണ് അംഗങ്ങളായിക്കൊണ്ടിരിക്കുന്നത്. അജാസ് എന്നയാളാണ് ഗ്രൂപ്പ് അഡ്മിൻ. കേരള സിലബസുകാരുടെ മനോവിഷണങ്ങളും പ്രയാസങ്ങളും മന്ത്രിമാരെ അറിയിക്കാൻ എല്ലാ സാധ്യതകളും തേടണമെന്നാണ് ഗ്രൂപ്പ് അഡ്മിൻ്റെ അഭ്യർത്ഥന. അതിനിടെ, പുതിയ കീം റാങ്കുപട്ടിക പ്രകാരം എഞ്ചിനിയറിംഗ് പ്രവേശന നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സർക്കാർ. യോഗ്യത നേടിയവർക്ക് ഈ മാസം പതിനാറാം തിയതി രാവിലെ 11 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.