ശബരിമലയിലെ സ്വർണപ്പാളിക്കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്ന് കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കും. കേസിലെ എഫ്.ഐ.ആറും അനുബന്ധ രേഖകളുമാണ് അന്വേഷണ സംഘത്തിന് ആവശ്യമായിട്ടുള്ളത്.
ഇതിനിടെ, കേസിലെ മൂന്നാം പ്രതിയും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറുമായ എൻ. വാസുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസിലെ മറ്റ് പ്രതികളായ മുൻ തിരുവാഭരണ കമ്മീഷണർ എസ്. ശ്രീകുമാർ (ആറാം പ്രതി), ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ (നാലാം പ്രതി) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട മഹസ്സറിൽ ഒപ്പുവെച്ചത് എസ്. ശ്രീകുമാറായിരുന്നു. രജിസ്റ്ററിൽ തിരുത്തലുകൾ വരുത്തിയത് എസ്. ജയശ്രീയാണെന്നാണ് കേസ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജയശ്രീ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി ആ വാദം പരിഗണിച്ചില്ല. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചിരുന്നു.