Share this Article
News Malayalam 24x7
അയവില്ലാതെ പശ്ചിമേഷ്യൻ യുദ്ധം; അസര്‍ബൈജാനിലും ആക്രമണം
Middle East Crisis Day 6

ഇറാൻ-ഇസ്രായേൽ സൈനിക നീക്കങ്ങൾ ആറാം ദിവസവും അതിരൂക്ഷമായി തുടരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളെയും അയൽരാജ്യങ്ങളെയും ഒരേപോലെ ഭീതിയിലാഴ്ത്തി യുദ്ധം പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. ഇറാനിൽ ആറുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 1100 പിന്നിട്ടു. അതിനിടെ, സംഘർഷം അസർബൈജാനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നു.

അസർബൈജാനിലെ വിമാനത്താവളത്തിൽ മിസൈലുകൾ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് ഇറാനിയൻ ഡ്രോണുകൾ എത്തിയതിൽ പ്രതിഷേധിച്ച് അസർബൈജാൻ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലും യുദ്ധത്തിന്റെ അലയൊലികൾ ദൃശ്യമാണ്. ഖത്തർ തലസ്ഥാനമായ ദോഹയുടെ മധ്യഭാഗത്ത് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. കുവൈറ്റിലെ എണ്ണ ടാങ്കറിന് നേരെ ആക്രമണമുണ്ടായപ്പോൾ, തങ്ങളുടെ നേരെ വന്ന ഡസൻ കണക്കിന് മിസൈലുകളെയും ഡ്രോണുകളെയും തകർത്തതായി ബഹ്റൈൻ അവകാശപ്പെട്ടു.


ഇന്ത്യയുടെ അതിഥിയായി എത്തിയ ഇറാൻ യുദ്ധക്കപ്പൽ 'ഐറിസ് ദേന' അമേരിക്ക തകർത്തത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. 87 പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് അമേരിക്ക കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ, അറബ് രാജ്യങ്ങളെ മനപ്പൂർവ്വം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. ഇറാനെ പ്രകോപിപ്പിച്ച് മേഖലയിലാകെ അസ്ഥിരതയുണ്ടാക്കാനാണ് ഇവരുടെ നീക്കമെന്നും റഷ്യ കുറ്റപ്പെടുത്തി.


ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇന്ത്യയുടെ അതിഥിയായി എത്തിയ കപ്പലിനെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. കപ്പൽ ആക്രമിക്കപ്പെടുമെന്ന വിവരം ഇന്ത്യ അറിഞ്ഞില്ലേ എന്നും, അതിഥിയെ വിളിച്ചുവരുത്തി അപമാനിച്ചിട്ടും കേന്ദ്രം പുലർത്തുന്ന മൗനം രാജ്യത്തിന് നാണക്കേടാണെന്നും കോൺഗ്രസ് വിമർശിച്ചു.


യുദ്ധം തകർത്ത ഇറാനിൽ കുടിവെള്ള ക്ഷാമവും ഭക്ഷ്യക്ഷാമവും അതീവ രൂക്ഷമാണ്. 1100-ലധികം ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇറാനോ ഇസ്രായേലോ തയ്യാറായിട്ടില്ല. ഇറാന് ഇനിയും കനത്ത തിരിച്ചടി നൽകുമെന്ന നിലപാടിലാണ് ഇസ്രായേലും അമേരിക്കയും. പശ്ചിമേഷ്യയിലെ ഈ യുദ്ധസമാന സാഹചര്യം ആഗോള എണ്ണവിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും തകിടം മറിക്കുമെന്ന ആശങ്കയിലാണ് ലോകം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories