കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യദിന പോസ്റ്റർ വലിയ വിവാദത്തിൽ. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കൊപ്പം വി.ഡി. സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ) പേജുകളിലാണ് വിവാദ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. "സ്വാതന്ത്ര്യം അവരുടെ സമ്മാനമായിരുന്നു, ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ ദൗത്യമാണ്" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച പോസ്റ്ററിൽ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് എന്നിവർക്കൊപ്പമാണ് സവർക്കറുടെ ചിത്രവും നൽകിയിരിക്കുന്നത്. ഗാന്ധിജിയുടെ ചിത്രത്തിന് മുകളിലായി സവർക്കറുടെ ചിത്രം സ്ഥാപിച്ചതാണ് പ്രധാനമായും വിമർശനത്തിന് കാരണമായത്.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തയാളെ രാഷ്ട്രപിതാവിനൊപ്പം ചിത്രീകരിച്ചത് ചരിത്രത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഇത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും, രാജ്യത്തിന്റെ ചരിത്രം വളച്ചൊടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
വിവാദം ശക്തമായിട്ടും മന്ത്രാലയം പോസ്റ്റർ പിൻവലിക്കാൻ തയ്യാറായിട്ടില്ല. കേരളത്തിൽ നിന്നുള്ള ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി സഹമന്ത്രിയായ വകുപ്പാണ് പെട്രോളിയം മന്ത്രാലയം എന്നതും ശ്രദ്ധേയമാണ്. സംഭവം സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.