ശബരിമലയിലെ സ്വർണ്ണ മോഷണത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നിർദേശം. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം നിലനിർത്തുന്നതിനായി പുതിയ കേസ് രജിസ്റ്റർ ചെയ്യാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
അടച്ചിട്ട മുറിയിൽ നടപടികൾ പൂർത്തിയാക്കിയ കോടതി, അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചു. ഇതിന്റെ ഭാഗമായാണ് പുതിയ കേസ് എടുക്കുന്നത്. ഈ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്, സർക്കാർ, വിജിലൻസ് എന്നിവർ മാത്രമായിരിക്കും കക്ഷികൾ. പ്രതികളെ കക്ഷി ചേർക്കാത്തതിനാൽ അന്വേഷണ വിവരങ്ങൾ അവർക്ക് ലഭിക്കുന്നത് തടയാനാകും. കേസിൽ മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതിക്ക് അനുകൂലമായ നിലപാട് എടുത്തുവെന്ന സൂചനയും കോടതി നൽകി. ദേവസ്വം മാനുവലിനെക്കുറിച്ചും കോടതി സംശയങ്ങൾ ഉന്നയിച്ചു. അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ഈ സുപ്രധാന നിർദേശങ്ങൾ നൽകിയത്. അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ട്. കേസ് നവംബർ 15-ന് വീണ്ടും പരിഗണിക്കും.