ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തിന് 66 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. മൂന്ന് ജീവനക്കാരികളും അവരിൽ ഒരാളുടെ ഭർത്താവും കേസിൽ പ്രതികളാണ്.
സ്ഥാപനത്തിലെ ക്യൂആർ (QR) കോഡിന് പകരം ജീവനക്കാരുടെ ക്യൂആർ കോഡ് ഉപയോഗിച്ച് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഈ പണം ഉപയോഗിച്ച് പ്രതികൾ ആഡംബര ജീവിതം നയിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
തട്ടിപ്പ് പുറത്തായതിനെ തുടർന്ന് കൃഷ്ണകുമാർ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിന്റെ അന്തിമഘട്ടത്തിൽ ഈ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.