Share this Article
News Malayalam 24x7
സ്വകാര്യതയുടെ ലംഘനം,ഡാറ്റാ ചോർച്ച തെരഞ്ഞെടുപ്പ് നേട്ടത്തിന്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ജീവനക്കാരുടെ ഹർജി
വെബ് ടീം
posted on 23-02-2026
1 min read
cmo data

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ഉദ്യോഗസ്ഥർ. സർക്കാർ ജീവനക്കാർ സ്പാർക്കിൽ നൽകിയ വിവരങ്ങളിൽനിന്നും നിയമവിരുദ്ധമായി ഫോൺ നമ്പർ ശേഖരിച്ച് സർക്കാരിന്‍റെ നേട്ടങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നടപടിക്കെതിരെയാണ് കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗവും, മലപ്പുറം കെ.ടി.എം. കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. പി. റഷീദ് അഹമ്മദ്, ഗവ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ കെ.എം. എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ സർക്കാർ-അർദ്ധസർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സന്ദേശം ലഭിച്ചത്. ഡി.എ. വർധന, ശമ്പള പരിഷ്കരണം, ഭവന വായ്പ തുടങ്ങി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ സാധ്യതയുള്ള കാര്യങ്ങളായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്.സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമല്ല, സർക്കാരിന്‍റെ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്കും സംരംഭകർക്കും സമാന പ്രചാരണത്തിന്‍റെ ഭാഗമായി പുതുതായി അനുവദിച്ച ആനുകൂല്യങ്ങൾ അറിയിച്ചുകൊണ്ടായിരുന്നു സന്ദേശം.

വ്യക്തികളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും അവരുടെ അനുമതി കൂടാതെ ശേഖരിച്ചാണ് ഈ പ്രവർത്തി നടന്നതെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.സർക്കാരിന്‍റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനല്ല വ്യക്തികളുടെ വിവരം സർക്കാരിന്‍റെ പ്രൊജക്റ്റുകൾക്ക് നൽകുന്നതെന്നും, സ്പാർക്ക് പോലെ ജീവനക്കാരുടെ പ്രധാന വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സോഫ്റ്റ്‌വെയറിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിവരങ്ങൾ മാറ്റിയെങ്കിൽ അത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ഉന്നയിക്കപ്പെടുന്നു.സുപ്രീം കോടതി വിധിയ്ക്ക് വിരുദ്ധമാണ് സർക്കാർ നീക്കമെന്നും പൗരന്‍റെ സ്വകാര്യത സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാർ തന്നെ അവന്‍റെ വിവരങ്ങൾ ചോർത്തി, ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി കോടതി നാളെ പരിഗണിക്കും.സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് ഹർജിക്കാർക്കായി കോടതിയിൽ ഹാജരാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories