ജയ്സാൽമീർ: രാജസ്ഥാനിൽ സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് ദാരുണാന്ത്യം.ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് തായത്ത് ഗ്രാമത്തിന് സമീപത്ത് വച്ചാണ് ബസിന് തീപിടിച്ചത്. ബസിൽ 57 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
തീപിടിത്തത്തിൽ പരുക്കേറ്റവരെ ജയ്സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണസംഖ്യ ഉയരുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരണസംഖ്യ വീണ്ടും ഉയരാനാണ് സാധ്യത.ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സ്വകാര്യ എസി ബസ് ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് യാത്ര പുറപ്പെട്ടത്. യാത്ര ഏകദേശം 20 കിലോമീറ്റർ പിന്നിട്ടതോടെ ബസിന് പിന്നിൽനിന്നു പെട്ടെന്ന് പുക ഉയരാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ, തീ ബസിനെ വിഴുങ്ങുകയായിരുന്നു.
അഗ്നിശമന സേനയും പൊലീസും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ബസിന്റെ എയർകണ്ടീഷനിങ് ഭാഗത്ത് നിന്ന് തീപടർന്നതായാണ് പ്രാഥമിക നിഗമനം.