തിരുവനന്തപുരം: പുതുക്കിയ ക്ഷേമപെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യും. നവംബറിലെ 2000 രൂപയാണ് വിതരണം ചെയ്യുക. ഇതിനൊപ്പം കുടിശികയായി ബാക്കിയുള്ള 1600 രൂപയും വിതരണം ചെയ്യും. ഇതോടെ ഒരാൾക്ക് 3600 രൂപ ലഭിക്കും. നേരത്തെയുണ്ടായിരുന്ന കുടിശികയുടെ അവസാന ഗഡുവാണ് പുതുക്കിയ പെൻഷനൊപ്പം ലഭിക്കുക. ഇതോടെ പെൻഷൻ കുടിശിക പൂർണമായും തീരും.
ഒക്ടോബർ 31ന് 1864 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.ക്ഷേമപെൻഷൻ 2000 രൂപയാക്കി ഉയർത്തിയ പ്രഖ്യാപനം നവംബർ ഒന്നുമുതൽ നടപ്പാക്കുമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നത്. 63,77,935 ഗുണഭോക്താക്കൾക്കാണ് 3600 രൂപ ക്ഷേമപെൻഷനായി ഈ മാസം ലഭിക്കുക. തുക വർധിപ്പിച്ചതോടെ ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാരിന് 1050 കോടി രൂപയാണ് വേണ്ടിവരുന്നത്. മുൻപ് 900 കോടി വേണ്ട സ്ഥാനത്താണ് ഈ വർധന.
ബാങ്ക് അക്കൗണ്ട് വഴിയും സഹകരണ ബാങ്കുകൾ വീടുകളിൽ നേരിട്ടുമാണ് പെൻഷൻ എത്തിക്കുന്നത്. പിണറായി സർക്കാരിന്റെ കാലത്തുമാത്രം 80, 671 കോടി രൂപയാണ് സർക്കാർ പെൻഷനുവേണ്ടി ചെലവിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ക്ഷേമപെൻഷൻ വർധിപ്പിച്ചത്.