തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസ് നടപടികൾ ആരംഭിച്ചു. പ്രചാരണത്തിനും സ്ഥാനാർത്ഥി നിർണ്ണയത്തിനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി കെപിസിസി വൈസ് പ്രസിഡന്റുമാർക്ക് ചുമതല നൽകിയിട്ടുണ്ട്. നിലവിൽ 13 വൈസ് പ്രസിഡന്റുമാരാണ് കെപിസിസിയിലുള്ളത്. മുൻ സ്പീക്കർ എൻ ശക്തനെ കെപിസിസി വൈസ് പ്രസിഡന്റാക്കി തിരുവനന്തപുരത്തിന്റെ ചുമതല നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിൽ തീരുമാനമായി.
കെപിസിസി പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കുമെന്നും നേതാക്കന്മാരുടെ അഭിപ്രായം പരിഗണിക്കണമെന്നും എഐസിസി നിർദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ കോർപ്പറേഷനുകൾ തിരിച്ചുപിടിക്കാൻ കെപിസിസി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കളെയും മുൻ എംഎൽഎമാരെയും മത്സരരംഗത്തേക്ക് കൊണ്ടുവരാൻ നീക്കം തുടങ്ങി.ഭരണവിരുദ്ധ വികാരം പരമാവധി മുതലെടുക്കാൻ വീടുകൾ കയറിയുള്ള പ്രചാരണത്തിന് കോൺഗ്രസ് തുടക്കമിടും. ഇതിനായി വാർഡ് തല കമ്മിറ്റികൾ ഉണ്ടാകും.നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വിരലിലെണ്ണാവുന്ന സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുള്ളത്. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമാണ് സംസ്ഥാന തലത്തിൽ ചുമതല നൽകിയിട്ടുള്ളത്. മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചുമതലപ്പെടുത്തി.