ഓപ്പറേഷൻ നുംബോർ' എന്ന പേരിൽ കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞ മാസമാണ് രാജ്യവ്യാപകമായ 'ഓപ്പറേഷൻ നുംബോർ' അന്വേഷണത്തിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ഒരു രേഖകളുമില്ലാതെയാണ് വാഹനം പിടിച്ചെടുത്തതെന്നാണ് ദുൽഖറിന്റെ വാദം. വാഹനത്തിന്റെ എല്ലാ രേഖകളും കസ്റ്റംസിന് മുന്നിൽ ഹാജരാക്കിയിട്ടും പരിശോധിക്കാൻ അവർ തയ്യാറായില്ലെന്നും ദുൽഖർ ഹർജിയിൽ പറയുന്നു.
വാഹനം കസ്റ്റഡിയിൽ ഇരിക്കുന്നത് തനിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മാധ്യമങ്ങളിൽ വന്ന വാർത്തകൾ കാരണം വലിയ പ്രശ്നങ്ങളുണ്ടായെന്നും ദുൽഖർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്നതെന്ന് സംശയിക്കുന്ന നാല് വാഹനങ്ങളിൽ ഒന്നാണ് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫെൻഡർ. രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളുമാണ് ഈ കേസിൽ സംശയമുനയിൽ ഉണ്ടായിരുന്നത്. നിലവിൽ ഒരു വാഹനം മാത്രമാണ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 150-ൽ അധികം വാഹനങ്ങൾ ഇത്തരത്തിൽ നിയമവിരുദ്ധമായി എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് രേഖകളിൽ പറയുന്നത്. ഇതിൽ പലതും മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തിയെന്നും കസ്റ്റംസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ മറ്റ് മൂന്ന് വാഹനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെടാൻ സാധ്യതയുണ്ട്.