ഏറെ വിവാദങ്ങൾക്കും കോടതി ഇടപെടലുകൾക്കും ശേഷം സാങ്കേതിക സർവ്വകലാശാലാ (കെ.ടി.യു.) വൈസ് ചാൻസലറായി ഡോ. സിസ തോമസ് ചുമതലയേറ്റു. രാജ്ഭവൻ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്ക് 1:20 ഓടെ അവർ ചുമതലയേറ്റത്.
വി.സി. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറുമായി വലിയ അഭിപ്രായ ഭിന്നത നിലനിന്നിരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് കെ.ടി.യു., ഡിജിറ്റൽ സർവ്വകലാശാലാ വി.സി.മാരുടെ നിയമനത്തിൽ സമവായമുണ്ടായത്.
ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഡോ. സിസ തോമസ്, തനിക്കിപ്പോൾ ലഭിച്ച സ്വീകരണത്തിൽ വലിയ സന്തോഷമുണ്ടെന്ന് അറിയിച്ചു. "പഴയതൊന്നും ഓർക്കേണ്ടതില്ല, ഇപ്പോൾ കിട്ടിയ സ്വീകരണത്തിൽ സന്തോഷമുണ്ട്," എന്നും അവർ പറഞ്ഞു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.