Share this Article
News Malayalam 24x7
സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും ; സത്യപ്രതിജ്ഞ നാളെ
വെബ് ടീം
posted on 30-01-2026
1 min read
sunetra

മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവര്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എൻസിപി നിയമസഭാ കക്ഷി യോ​ഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കു ചേരും.

63കാരിയും രാജ്യസഭാ എംപിയുമായ സുനേത്ര മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് വരുന്നത്. മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തില്‍ അംഗമാണെങ്കിലും സുനേത്ര അടുത്ത കാലം വരെ മുന്നണി രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗമാണ് അവരെ എന്‍സിപിയുടെ നേതൃ നിരയിലേക്ക് പെട്ടെന്ന് എത്തിച്ചത്.എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് സുനേത്രയോട് സ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.

ബാരാമതിയില്‍ ഉപതെരഞ്ഞെടുപ്പില്‍ സുനേത്ര സ്ഥാനാര്‍ത്ഥിയാകുമെന്നു വിവരമുണ്ട്. തുടര്‍ന്ന് എന്‍സിപി നിയമസഭാകക്ഷി നേതാവാകുമെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്ന എന്‍സിപി മന്ത്രി നര്‍ഹരി സിര്‍വാള്‍ നേരത്തെ സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം ഉയര്‍ത്തിയിരുന്നു. സുനേത്ര രാജിവെക്കുന്ന രാജ്യസഭ സീറ്റിലേക്ക് അജിത് പവാറിന്റെ മൂത്തമകന്‍ പാര്‍ത്ഥ് പവാറിനെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories