ന്യൂഡൽഹി: ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ നഷ്ടപ്പെട്ട് തകർന്നടിഞ്ഞ് എൻഎസ്‌യുഐ. നാലിൽ 3 സീറ്റുകളിലും എബിവിപി വിജയിച്ചു. എൻഎസ്‌യുഐയുടെ ജോസ്‌ലിൻ നന്ദിത ചൗധരിയെ പരാജയപ്പെടുത്തി എബിവിപിയുടെ ആര്യൻ മാൻ സർവകലാശാല യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ സെക്രട്ടറിയായി എബിവിപിയുടെ കുനാൽ ചൗധരി, ജോയിന്റ് സെക്രട്ടറിയായി ദീപക് ഝാ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ് സ്ഥാനത്തു മാത്രമാണ് എൻഎസ്‌യുഐ വിജയിച്ചത്.
ഏഴു വർഷത്തിനു ശേഷം 2024ൽ നേടിയ ഡിയു പ്രസിഡന്റ് സ്ഥാനമാണ് എൻഎസ്‌യുഐ ഇത്തവണ കൈവിട്ടത്. ദേശീയ രാഷ്ട്രീയത്തിന്റെ ഗതി എങ്ങോട്ടെന്ന സൂചന നൽകുന്ന തിരഞ്ഞെടുപ്പായാണു ഡൽഹി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് കണക്കാക്കപ്പെടുന്നത്. 1949ലാണ് ഡൽഹി സർവകലാശാല സ്ഥാപിക്കപ്പെടുന്നത്. 1954ൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. അന്തരിച്ച നേതാവ് അരുൺ ജെയ്റ്റ്‌ലി, അജയ് മാക്കെൻ, അൽക്ക ലാംബ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവർ ഡിയു വിദ്യാർഥി യൂണിയനിൽ അംഗമായിരുന്നവരാണ്.