Share this Article
News Malayalam 24x7
മഹാനടന് ആദരമര്‍പ്പിച്ച് കേരളം, മലയാള സിനിമയുടെ സുവര്‍ണ നേട്ടമെന്ന് മുഖ്യമന്ത്രി; ലഭിച്ച പുരസ്കാരങ്ങളെല്ലാം മലയാളിക്കും കേരളത്തിനും ലഭിച്ചതെന്ന് മോഹൻലാൽ
വെബ് ടീം
posted on 04-10-2025
1 min read
MOHANLAL

തിരുവനന്തപുരം:  ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ ഫാല്‍ക്കേ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. ലാല്‍സലാം എന്ന പേരില്‍  തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  മോഹന്‍ ലാലിനെ ആദരിച്ചു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹന്‍ലാലിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളിയുടെ അപര വ്യക്തിത്വമാണ് മോഹന്‍ലാല്‍ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫാൽക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ സമര്‍പ്പിത ജീവിതം തന്റെ മനസിലൂടെ കടന്ന് പോയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘’എനിക്ക് അനായാസമാണ് അഭിനയം എന്ന് പലരും പറയുന്നു. എനിക്ക് അഭിനയം അനായാസം അല്ല. ദൈവമേ എന്ന് വിളിച്ചു കൊണ്ട് മാത്രമേ ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത്’’- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം മലയാളിക്കും കേരളത്തിനും ലഭിച്ചതെന്ന്  മോഹൻലാൽ പറഞ്ഞു.

സിനിമ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് പേര്‍ പരിപാടിയില്‍ പങ്കെടുത്തു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രഭാവർമ മോഹൻലാലിനെ കുറിച്ച് രചിച്ച കവിത ഡോ. ലക്ഷ്മി ദാസ് ആലപിച്ചു. ജനസാഗരമാണ് പരിപാടിക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരിക്കുന്നത്. 'വാനോളം മലയാളം, ലാല്‍ സലാം' പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. 10,000 പേർക്ക് ഇരിക്കാൻ സൗകര്യവും, അല്ലാതെ 10,000 പേർക്കുള്ള സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഭഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനില്‍,.എ. റഹീം, ജോണ്‍ ബ്രിട്ടാസ്, ആന്റണി രാജു എംഎല്‍എ, മേയർ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ , സാസ്കാരിക വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, ചലച്ചിത്ര അക്കാദമി ചെയർമാന്‍ പ്രേംകുമാർ, ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാന്‍ കെ. മധുപാല്‍, ചലച്ചിത്ര വികസന കോർപ്പറേഷന്‍ മാനേജിങ് ഡയറക്ടർ പ്രിയദർശന്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. അടൂർ ഗോപാലകൃഷ്ണന്‍, രഞ്ജിനി, അംബിക തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ജഗതി ശ്രീകുമാറും ചടങ്ങിനെത്തി.ഉദ്ഘാടന ചടങ്ങിനെ തുടർന്ന് നടക്കുന്ന കലാസമർപ്പണം 'രാഗം മോഹനം' ടി.കെ. രാജീവ് കുമാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ നടനചാതുരിക്ക് അർപ്പണമായി കഥകളി ആചാര്യന്‍ കലാമണ്ഡലം സുബ്രഹ്‌മണ്യന്‍ ആശാന്‍ തിരനോട്ടവുമുണ്ട്. തുടർന്ന് മോഹന്‍ലാല്‍ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങള്‍ പ്രമുഖ പിന്നണി ഗായകർ ആലപിക്കും. എം.ജി. ശ്രീകുമാറിൻ്റെ ഗാനത്തോടെയാണ് പരിപാടി ആരംഭിക്കുക.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories