കൗമാരക്കാർക്കിടയിൽ സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം തടയുന്നതിനായി 16 വയസ്സിൽ താഴെയുള്ളവർക്ക് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നു. 16 വയസ്സിന് താഴെയുള്ളവർക്കാണ് വിലക്ക് ബാധകമാകുക. സാമൂഹ്യ മാധ്യമ ഭീമന്മാരായ ടിക് ടോക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവരോട് 16 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളെ സുരക്ഷിതമായി ഓൺലൈനിൽ നിർത്തുന്നതിനുള്ള ഉത്തരവാദിത്തം സാമൂഹ്യ മാധ്യമ ഭീമന്മാർക്കാണ്, അല്ലാതെ രക്ഷിതാക്കൾക്കല്ല എന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി. ഇത് ഒരു അഭിമാന നിമിഷമാണെന്നും, വീടിന്റെ അകത്തളങ്ങളുടെ അധികാരം കുടുംബങ്ങളിലേക്ക് തിരിച്ചെത്തുന്ന സുന്ദരമായ ദിവസമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾ കുട്ടികളായി തുടരട്ടെ എന്നും, രക്ഷിതാക്കൾക്ക് മനസമാധാനം കൈവരുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.