ശബരിമല സ്വർണക്കവർച്ചാ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി മാറ്റിവെച്ചു. ഡിസംബർ എട്ടിലേക്കാണ് ഹർജി മാറ്റിയത്. ഇതോടെ പത്മകുമാർ അതുവരെ റിമാൻഡിൽ തുടരേണ്ടി വരും.
കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കുന്നതിന് വേണ്ടിയാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പത്മകുമാർ ജാമ്യാപേക്ഷ നൽകിയത്.
ബോർഡിന്റെ തീരുമാനങ്ങളിൽ കൂട്ടുത്തരവാദിത്തമാണുള്ളതെന്നും താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് പത്മകുമാർ ജാമ്യഹർജിയിൽ പ്രധാനമായും ഉന്നയിക്കുന്നത്. ഉദ്യോഗസ്ഥർ 'പിച്ചള' എന്ന് രേഖപ്പെടുത്തിയത് 'ചെമ്പ്' എന്ന് തിരുത്തുക മാത്രമാണ് താൻ ചെയ്തതെന്നും, സ്വർണം പൂശിയ ചെമ്പ് എന്ന് താൻ എഴുതിയിട്ടില്ലെന്നും പത്മകുമാർ വാദിക്കുന്നു. ബോർഡിലെ മറ്റ് അംഗങ്ങളെ ഒഴിവാക്കി തന്നെ മാത്രം പ്രതിചേർത്ത നടപടിയെയും പത്മകുമാർ ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.