ശബരിമല സ്വർണ കവർച്ച കേസുമായി ബന്ധപ്പെട്ട് സന്നിധാനത്തെ സ്വർണപ്പാളികളിൽ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (VSSC) നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് മുദ്രവെച്ച കവറിൽ കോടതിയിൽ നൽകിയത്.
ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങൾ എന്നിവിടങ്ങളിലെ സ്വർണപ്പാളികളിൽ നിന്നായി ശേഖരിച്ച 15 സാമ്പിളുകളാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയത്. 1998-ൽ യുവി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ അതേ പാളികൾ തന്നെയാണോ നിലവിൽ സന്നിധാനത്തുള്ളതെന്ന് കണ്ടെത്താനാണ് ഈ ശാസ്ത്രീയ പരിശോധന നടത്തിയത്.
സന്നിധാനത്തെ സ്വർണപ്പാളികൾ മാറ്റിവെച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ തിരിച്ചറിയുന്നതിൽ ഈ പരിശോധനാ റിപ്പോർട്ട് നിർണായകമാകും. ശബരിമല സ്വർണ കവർച്ച കേസിന്റെ അന്വേഷണത്തിൽ വലിയ പ്രാധാന്യമുള്ള ഒന്നായാണ് ഈ ശാസ്ത്രീയ റിപ്പോർട്ടിനെ കണക്കാക്കുന്നത്. മുൻ ദേവസ്വം ബോർഡ് അംഗത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെയാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.